പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി

0


പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. 

തുടര്‍ന്ന് എബ്രഹാമിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. 

ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

 തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകള്‍ അനുവദിച്ച്‌ കോടികള്‍ തട്ടിയ കേസില്‍ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. തട്ടിപ്പിനിരയായ ഡാനിയലിന്‍റെ പരാതിയിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാമിനേയും മുൻ ബാങ്ക് സെക്രട്ടറി രമാദേവിയേയും പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. എബ്രഹാമിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും വഞ്ചനാകുറ്റവും ചുമത്തിയാണ് ഇന്നലെ രാത്രി (മെയ്‌ 31) അറസ്‌റ്റ് ചെയ്‌തത്. 

ഹൃദ്രോഗത്തിന് ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെകെ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും വ്യാഴാഴ്‌ച തിരിച്ചെത്തിച്ചു. കോടികളുടെ വായ്‌പ തട്ടിപ്പില്‍ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വര്‍ഷമായി വിജിലൻസ് ഇവര്‍ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. 

പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കുമെന്ന് വിജിലൻസ് അറിയിച്ചു. 

ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്‍. 

 പ്രതിഷേധം കടുപ്പിച്ച്‌ സമരസമിതി:

 പുല്‍പ്പള്ളി വായ്‌പ തട്ടിപ്പിനിരയായ കര്‍ഷകന്‍ രാജേന്ദ്രൻ നായരുടെ മരണത്തില്‍ വയനാട്ടില്‍ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിന്‍റെ ഭാഗമായി സിപിഎമ്മും ബിജെപിയും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഉപരോധിച്ചിരുന്നു. പിന്നാലെ വായ്‌പ തട്ടിപ്പിനിരയായവരുടെ സമര സമിതി രാജേന്ദ്രന്‍റെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവിടെ നിന്ന് കെകെ എബ്രഹാമിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. രാജേന്ദ്രന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് ബാങ്കില്‍ ജോലിയും സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബത്തേരി തഹസില്‍ദാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top