മീനങ്ങാടി: ഫുട്ബോളിൽ മിന്നും താരങ്ങളെ സംഭാവന ചെയ്ത് വിസ്മയ കുതിപ്പിലാണ് മീനങ്ങാടി ഫുട്ബോൾ അക്കാദമി. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ വയനാടിന് അഭിമാനമായി നിരവധി വിദ്യാർത്ഥികൾക്ക് കളിമികവും അവസരവും നൽകി ദേശീയ അക്കാദമികളിലും ക്ലബ്ബുകളിലും കളിക്കാൻ പ്രാപ്തരാക്കിയാണ് മീനങ്ങാടിയുടെയും വയനാടിൻ്റെയും അഭിമാന സ്ഥാപനം മുന്നേറുന്നത്. അക്കാദമിയുടെ പരിശീലന മികവിന് അംഗീകാരമായി മീനങ്ങാടി സ്കൂൾ വിദ്യാർത്ഥികളായ പ്രത്യുഷ് ദേവ് മിനർവ്വ പഞ്ചാബിലേക്കും ദേവനന്ദൻ കേരളാ ബ്ലാസ്റ്റേഴ്സിലേക്കും സെലക്ഷനായതോടെ ഫുട്ബോൾ അക്കാദമിയും വയനാടും വീണ്ടും ചർച്ചയാവുകയാണ്. ഐ.എസ്.എൽ ഹൈദ്രാബാദ് ടീമംഗമായ അലക്സ് സജി, - മുംബെ റിലയൻസ് താരം അലൻ സജി , അണ്ടർ 16 സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞ അമൽരാജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ക്യാപ്റ്റൻ അനീഷ് ഒ.ബി, മുത്തൂറ്റ് അക്കാദമിയിലെ എഡ് വിൻ ,തൃശൂർ റെഡ്സ്റ്റാർ അക്കാദമയിലെ ആഷിഖ്, അഭിഷേക്, എബിൻ ദിലീപ്. ചേലേമ്പ്ര സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ച ഷെഫീഖ് ഫവാസ്, തുടങ്ങി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോൾ അക്കാദമിയുടെ പരിശീലനക്കളരിയിൽ നിന്ന് മികവറിയിച്ചവർ നിരവധിയാണ്.
ഇതിന് പുറമെയാണ് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി ക്ലബ്ബുകളിലേക്ക് 15-ഓളം കുട്ടികൾ ഇത്തവണയും അക്കാദമിയിൽ നിന്നും പുതിയ തലങ്ങൾ തേടി പോയത്. മീനങ്ങാടി ചെണ്ടക്കുനി വഴങ്ങാട്ടിൽ സജിയുടെയും സിജിയുടെയും മൂത്ത മകൻ പ്രത്യുഷ് ഈ മാസം പഞ്ചാബിൽ നടന്ന ക്യാമ്പിലൂടെ മിനർവ പഞ്ചാബിലേക്ക് സെലക്ഷനായപ്പോൾ,മീനങ്ങാടി ചെണ്ടക്കുനിയിലെ സുരേഷ് - ബീന ദമ്പതികളുടെ മകനായ ദേവനന്ദൻ കൊച്ചിയിൽ നടന്ന സെലക്ഷൻ ട്രയലുകളിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടർ 13 ടീമിലിടം പിടിച്ചു.
പ്രത്യുഷ് മികച്ച ഗോൾകീപ്പറായാണ് മീനങ്ങാടി അക്കാദമിയിൽ നിന്ന് മിനർവ പഞ്ചാബിലേക്കെത്തുന്നത്. ഫോർവേടായാണ് ദേവനന്ദന് കേരള ബ്ലാസ്റ്റേഴ്സിൽ സെലക്ഷൻ ലഭിച്ചത്.
6 വർഷമായി അക്കാദമി തുടങ്ങിയിട്ട്. ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്ന് 80 കുട്ടികൾക്കാണ് അവസരം ലഭിക്കുക. 50 ആൺകുട്ടികളും 30 പെൺകുട്ടികൾക്കുമാണ് അവസരം നൽകുക.
സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ജനറൽ വിഭാഗത്തിൽ 30 ഉം എസ് റ്റി വിഭാഗത്തിൽ 30 ആൺകുട്ടികൾക്കും അവസരം നൽകും. കുട്ടികളുടെ മികവറിഞ്ഞ്, കളിയറിഞ്ഞ് കളത്തിലിറക്കുന്ന പ്രധാന കോച്ച് ബിനോയിയെന്ന പരിശീലകനാണ് അക്കാദമിയുടെ വിജയത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ.
രാവിലെ 7 ന് തുടങ്ങി 9 വരെയും, വൈകുന്നേരം 4 മുതൽ 6 വരെയും കുട്ടികൾക്കൊപ്പം ബിനോയിയുണ്ട്. 5 വയസ്സിൽ പരിശീലനത്തിനെത്തുന്ന കുട്ടികൾ ഹയർ സെക്കണ്ടറി കാലയളവ് പൂർത്തിയാവുന്നതോടെ കാൽപന്തുകളിയിലെ മികച്ച പ്രതീക്ഷകളായാണ് അക്കാദമി വിടുക.
മാനേജർ ഫൗജു, കളിക്കളത്തിലെ ബിനോയിയുടെ സഹയാത്രികരായ
മനാഫ്, അനീഷ് ഒവി, ലൂയിസ്, തുടങ്ങിയവരും അക്കാദമിയുടെ നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ജില്ലയിലും ജില്ലക്ക് പുറത്തുമായി നിരവധി ടൂർണ്ണമെൻ്റുകളിൽ കപ്പടിച്ചും മികവു തുടരുകയാണ് അക്കാദമി.
പരിമിതമായ സൗകര്യങ്ങളിലും മികച്ച നേട്ടം കൈവരിക്കുന്ന ഫുട്ബോൾ അക്കാദമിക്ക്
ഫുട്ബോൾ കിറ്റും, പോഷകാഹാരവും, പരിശീലനത്തിനാവശ്യമായ മറ്റു സാമഗ്രികളുമെല്ലാം സൗജന്യമായാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും എത്തിച്ചു നൽകുന്നത്. ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ ലഹരി മനസ്സിൽ പതിയുന്നതിനാൽ ശാരീരികമായും മാനസികമായും കരുത്തുള്ള തലമുറയായി മറ്റ് കുട്ടികൾക്ക് പ്രചോതനമായാണ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ മാറുന്നത്.