മിക്ക ജില്ലകളിലും ശക്തമായ മഴ; കാലവര്‍ഷം കനക്കുന്നു ; ജാഗ്രതാ നിര്‍ദേശങ്ങള്‍
മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ മൂലം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാവുന്നത്.
പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ലെന്നതിനാല്‍ മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കരുത്.
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നതു വരെ സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
- മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാൻ ടെറസിലേയ്ക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- കാറ്റില്‍ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വയ്ക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
- ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തിവച്ച് അടുത്തുള്ള കരയിലേക്ക് എത്തണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തിവയ്ക്കണം.
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈസമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാൻ കാരണമായേക്കാം.
- അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തില്‍ നിങ്ങള്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിയ്ക്കാം.
- മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടായിരിക്കില്ലെന്ന് അറിഞ്ഞിരിക്കുക. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കാൻ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. സമയം പാഴാക്കാതെ മിന്നലേറ്റ ആളിന് എത്രയും വൈദ്യസഹായം എത്തിച്ചാല്‍ ജീവൻ രക്ഷിക്കാൻ സാധിക്കും.