മൂന്ന് വര്‍ഷ ബിരുദ കോഴ്സുകള്‍ കേരളത്തില്‍ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകൂവെന്നും അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
എന്നാല്‍
ബിരുദ സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ നല്‍കും.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷവും പഠനം തുടരാം. ഇങ്ങനെ നാല് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം നല്‍കും. നാലാം വര്‍ഷം ഗവേഷണത്തിനാകും പ്രാധാന്യം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷ ബിരുദ കോഴ്സ് ആയിരിക്കും. ഇതിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. മൂന്നാം വര്‍ഷത്തില്‍ മാത്രമേ എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇതിനിടയില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ അവസാനിക്കണമെങ്കില്‍ ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കണം. അപാകതകള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഓര്‍ഡിനൻസ് തിരിച്ചയക്കാം. എന്നാല്‍ ഇത് രണ്ടും ചെയ്തിട്ടില്ല. നിലവില്‍ യോഗ്യരായ ആളുകളാണ് വിസി ചുമതല വഹിക്കുന്നത്. താത്കാലിക ചുമതലയാണെങ്കിലും അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.