മീനങ്ങാടി: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ ബസ് കാത്തിരിക്കണമെങ്കിൽ കൈയ്യിൽ കുട വേണം. കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ നിന്ന് ചോർച്ച തുടങ്ങിയിട്ട് മാസങ്ങൾ ഏറെ പിന്നിട്ടെങ്കിലും ചോർച്ചനിറുത്താൻ നടപടിയില്ലെന്നാണ് പരാതി. ബസ് സ്റ്റാൻ്റിന് മുകളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ തഴച്ച് വളരുന്ന പുല്ലും ചെടികളും താഴോട്ട് തൂങ്ങി കിടക്കുകയാണ്. ചെടികളുടെ വേരിറങ്ങിയും പായൽ പിടിച്ചും കോൺക്രീറ്റിന് വിള്ളൽ വീണിട്ടുണ്ട്. മഴ പെയ്താൽ തുള്ളി തുള്ളിയായി ടെറസിൽ നിന്നും ഈ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങി യാത്രികർ നനയുന്ന അവസ്ഥയാണ് നിലവിലുള്ളത്. സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണ് മേൽക്കൂരയിൽ പുല്ലും, കാടും നിറഞ്ഞ് കെട്ടിടത്തിൻ്റെ സുരക്ഷ തന്നെ അപകടത്തിലായതെന്നാണ് ആരോപണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടു മുകളിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസുകളിലെ ജനൽ വഴി നോക്കിയാൽ കാണുന്ന ഭാഗത്താണ് കാട് വളർന്നും, വെള്ളം കെട്ടി നിന്നും, പൈപ്പ് ലീക്കായും ബസ് സ്റ്റാൻ്റ് കെട്ടിടം യാത്രക്കാർക്ക് ദുരിതമാകുന്നത്.