തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാർത്യമാക്കി നൽകിയതിൻ്റെ നിർവൃതിയിലാണ് പയ്യമ്പള്ളി സെൻ്റ് കാതറിൻസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ കൊയിലേരിയിൽ താമസിക്കുന്ന ആദിത്യന് വേണ്ടിയാണ് എൻ.എസ്.എസ് യൂണിറ്റ് സ്നേഹഭവനം നിർമ്മിച്ചു നൽകിയത്. ആശയം മനസിലുദിച്ചതോടെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ തുക സമാഹരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. സ്കൂൾ അധികൃതരുമായും പൂർവവിദ്യാർഥികളുമായും ബന്ധപ്പെട്ട് എട്ടര ലക്ഷം രൂപയോളം സമാഹരിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. വെറും മൂന്നര മാസം കൊണ്ടാണ് 650 സ്ക്വയർ മീറ്ററിലുള്ള സ്നേഹഭവനം നിർമ്മിച്ചത്. അച്ഛനും സഹോദരങ്ങളുമായി കഴിയുന്ന ആദിത്യന് കൂട്ടുകാർ നൽകിയത് ഇരട്ടി മധുരമുള്ള സമ്മാനമായിരുന്നു. സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം മന്ത്രി എ.കെ ശശീന്ദ്രൻ ആദിത്യൻ്റെ കുടുംബത്തിന് നൽകി നിർവഹിച്ചു. എൻ.എസ്.എസ് യുണിറ്റ് അംഗങ്ങളും സ്കൂൾ അധികൃതരും പ്രദേശവാസികളും പങ്കെടുത്ത ആവേശകരമായ അന്തരീക്ഷത്തിലാണ് ആദിത്യനും കുടുംബവും സ്നേഹഭവനത്തിലേക്ക് പ്രവേശിച്ചത്.
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വീടിൻെറ താക്കോൽ കൈമാറി. ചടങ്ങിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം ,ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ,എൻഎസ്എസ് ഉത്തര മേഖലാ കൺവീനർ മനോജ് കുമാർ കെ, എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ ,പ്രിൻസിപ്പൽ രാജു ജോസഫ് സി , വൈസ് പ്രിൻസിപ്പൽ ഫിലിപ്പ് ജോസഫ് , പിടിഎ പ്രസിഡണ്ട് ബൈജു ജോർജ് ,പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് എസ് ആർ,വളണ്ടിയർ ലീഡർ കൃഷ്ണ സജീവൻ എന്നിവർ സംസാരിച്ചു .