വിഷം ഉള്ളിൽചെന്ന് കർഷകൻ മരിച്ചു. സുൽത്താൻ ബത്തേരി അമ്മായി പാലം കല്ലൻ കുളങ്ങര മത്തായി (69) യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് വിഷം അകത്തു ചെന്ന നിലയിൽ മത്തായിയെ ഭാര്യയും മക്കളും കാണുന്നത്. ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. എന്നാൽ വൈകിട്ടോടെ മരണപ്പെട്ടു. സാമ്പത്തിക ബാധ്യതയാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന മത്തായി കഴിഞ്ഞ രണ്ട് വർഷവും കൃഷി നശിച്ചത് സാമ്പത്തിക പ്രതിസന്ധിക്കും, ബാധ്യതക്കും കാരണമായതായും പറയപ്പെടുന്നു. ലോണും കൈ വായ്പയും ഉൾപ്പടെ രണ്ട് ലക്ഷത്തോളം രൂപ കടമുള്ളതായി മകൻ ഷിന്റോ പറഞ്ഞു. ഭാര്യ: മേരി. മക്കൾ: ഷിജി, ഷിന്റോ. മരുമക്കൾ: അശ്വതി, ബിജു.