ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാർ
കല്‍പ്പറ്റ: ഒരാഴ്ചയായി നടന്ന് വരുന്ന വയനാട് ജില്ലാ പോലീസ് കായികമേള സമാപിച്ചു. മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെയാണ് കായിക മേളം സമാപിച്ചത്. 85 പോയിന്റുകളോടെ ബത്തേരി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 42 പോയിന്റുകളുമായി ഡി.എച്ച്. ക്യൂ ടീം രണ്ടാം സ്ഥാനവും, 41 പോയിന്റുകളുമായി കൽപ്പറ്റ സബ് ഡിവിഷൻ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി സബ് ഡിവിഷന്‍ 38 പോയിന്റും, സ്പെഷ്യല്‍ യൂണിറ്റ് 24 പോയിന്റും നേടി. പുരുഷ/വനിതാ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ കെ.എസ്. പ്രസാദ് (ഡി.എച്ച്.ക്യൂ), വി.എ. അശ്വതി (കൽപ്പറ്റ സബ് ഡിവിഷന്‍) എന്നിവരും വെറ്ററൻസ് വിഭാഗത്തിൽ ഹാരിസ് പുത്തൻപുരയിൽ(കൽപ്പറ്റ), പി.ജെ. ജാൻസി (ബത്തേരി സബ് ഡിവിഷൻ) എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി.
വാശിയേറിയ വടംവലി മത്സരത്തില്‍ സ്‌പെഷ്യല്‍ യൂണിറ്റ് വിജയികളായി. ഗെയിംസ് ഇനങ്ങളായ ഫുട്‌ബോള്‍ മത്സരത്തില്‍ ഡി. എച്ച്.ക്യൂ ടീമും, വോളിബോളില്‍ മാനന്തവാടി സബ്ബ് ഡിവിഷനും ജേതാക്കളായി.
വൈകുന്നേരം നടന്ന സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് നിർവഹിച്ചു. പ്രശസ്ത സിനിമ താരവും, മുൻ പോലീസ് ഉദ്യോഗസ്ഥനുമായ അബു സലീം, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി സജീവ്, മാനന്തവാടി സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.എൽ. ഷൈജു, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), എ. റബിയത്ത്(ക്രൈം ബ്രാഞ്ച്), പി.കെ. സന്തോഷ്(എസ്.എം.എസ്), സൗത് വയനാട് ഡി.എഫ്.ഓ ഷജ്‌ന കരീം, പളനി, അബ്ദുൾ കരീം, അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് എന്നിവരും പോലീസ് സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു.