പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് പ്രമാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
കെ.പി.സി.സി സെക്രട്ടറി തമ്ബി സുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലര്‍ച്ചെ പ്രവര്‍ത്തകരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഡി.സി.സി സെക്രട്ടറി എന്‍.ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‍കര്‍ ബാബു, ബഷീര്‍ തുടങ്ങിയവരുള്‍പ്പെടെ ഏഴുപേരാണ് കസ്റ്റഡിയിലുള്ളത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുന്നത്.
ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിസുക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊലീസ് അതീവ ജാഗ്രതയിലാണ്.
2600 പൊലീസുകാരെയാണ് നഗരത്തില്‍ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണമുണ്ട്.
മധ്യപ്രദേശില്‍നിന്ന് വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം അഞ്ചരക്ക് റോഡ് ഷോയിലും ആറിന് തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന 'യുവം' കോണ്‍ക്ലേവിലും പങ്കെടുക്കും.
തുടര്‍ന്ന് രാത്രി ഹോട്ടല്‍ താജ് മലബാറിലെത്തി അവിടെ തങ്ങും. ഇതിനിടയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുമായും കൂടിക്കാഴ്ച നടത്തും.
25ന് രാവിലെ 9.10ന് ഹോട്ടലില്‍നിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 9.25ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടും.
10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേരുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.
തുടര്‍ന്ന് 10.30ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.
11ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കോഴിക്കോട്, വര്‍ക്കല, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെര്‍മിനല്‍ വികസനം, കൊച്ചി വാട്ടര്‍ മെട്രോ, ഡിണ്ടിഗല്‍- പളനി- പാലക്കാട് സെഷന്‍ വൈദ്യുതീകരണം എന്നിവയുടെ ഉദ്‌ഘാടനവും നിര്‍വഹിക്കും.
തുടര്‍ന്ന് 12.40ന് വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി സൂറത്തിലേക്ക് മടങ്ങും.