വിദ്യാലയങ്ങളില്‍ 21 മുതല്‍ 27വരെ ശുചീകരണം

0



തിരുവനന്തപുരം: സ്കൂള്‍ തുറക്കലിനു മുന്നോടിയായി സംസ്ഥാനത്തെ അധ്യാപക സംഘടനാ ഭാരവാഹികളുമായി വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തി.
ഈ മാസം 21 മുതല്‍ 27 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ശുചീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. 

സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകസംഘടനകള്‍ മുഖ്യ പങ്കുവഹിക്കും. സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വിദ്യാഭ്യാസ വകുപ്പിലെ ക്യുഐപി ഡിഡിമാര്‍ക്കു ജില്ല തിരിച്ചുള്ള ചുമതല നല്‍കും. അധ്യയനദിവസങ്ങള്‍ ചുരുങ്ങിയത് 200 തികയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.

ലഹരിവസ്തുക്കള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്കൂള്‍തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. പോലീസ്, എക്സൈസ്, ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ഭിന്നശേഷി ഉത്തരവ് താഴേത്തട്ടില്‍ അടിയന്തരമായി നടപ്പാക്കാന്‍ നടപടികള്‍ എടുക്കും. 

ജില്ലാ അടിസ്ഥാനത്തില്‍ ഡിഡിമാരും ആര്‍ഡഡിമാരും അധ്യാപക സംഘടനാ നേതാക്കളും അടങ്ങുന്ന ജില്ലാതല യോഗം അതത് ജില്ലയിലെ വിഷയങ്ങള്‍ പരിശോധിക്കും.

സ്കൂളുകളിലെ ഇന്‍റര്‍നെറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടിയുണ്ടാകും. കൈറ്റ്, എസ്‌എസ്കെ, എസ്‌സിഇആര്‍ടി തുടങ്ങി വകുപ്പിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും.

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളുടെയും കുടിശിക ഫയലുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ച്‌ ഫയല്‍ അദാലത്ത് നടത്തും. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന് അദാലത്തില്‍ ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. 

അധ്യാപകരുടെ സ്പെഷല്‍ ട്യൂഷന്‍, പ്രൈവറ്റ് എന്‍ട്രന്‍സ് കോച്ചിംഗ്, അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാതിരിക്കല്‍, മൂല്യനിര്‍ണയ ക്യാന്പുകളില്‍നിന്നു വിട്ടുനില്‍ക്കല്‍ തുടങ്ങിയവക്കെതിരേ കര്‍ശനനടപടികള്‍ ഉ‌ണ്ടാവും.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു തുടങ്ങി അധ്യാപക സംഘടനകളുടെ 44 സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top