എടവക: വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമസേനാംഗങ്ങൾക്ക് അധികവരുമാനം ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് എടവക ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഹരിതപ്രിയം പേപ്പർബാഗ് നിർമാണ യൂണിറ്റ് ആരംഭിച്ചു.
എടവക ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനവും പേപ്പർ ബാഗ് നിർമാണ യന്ത്രത്തിന്റെ സ്വിച്ച് ഓൺ കർമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ നിർവഹിച്ചു. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ ബാഗുകളും തുണി സഞ്ചികളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എടവക ഗ്രാമപഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമസേനാ സംരംഭങ്ങൾക്ക് ധനസഹായം അനുവദിച്ചത്. സംസ്ഥാന സർക്കാർ സംരംഭവർഷമായി ആചരിച്ച 2022-23ൽ എടവക ഗ്രാമപഞ്ചായത്തിലെ മൂന്ന് ഹരിതകർമസേനാ യൂണിറ്റുകൾക്കാണ് സംരംഭം ആരംഭിക്കുന്നതിന് ധനസഹായം അനുവദിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് ആദ്യവിൽപ്പന നിർവഹിച്ചു.
നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എം ഷൈജിത് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയി, വാർഡ് മെമ്പർ ഉഷ വിജയൻ, ലത വിജയൻ, വിനോദ് തോട്ടത്തിൽ, അഹമ്മദ് കുട്ടി ബ്രാൻ, ഷറഫുന്നീസ, സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ഹരിതകർമസേന പ്രസിഡന്റ് നിഷ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.