കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഇടപെടൽ- വയനാട് പാർലമന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ചു.
പി. എം. ജി. എസ്. വൈ 3 യുടെ 2023-2024 ലെ ബാച്ച് 1ൽ ഉൾപ്പെടുത്തി വയനാട് പാർലമെന്റ് മണ്ഡലത്തിലെ പതിനഞ്ചു റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കി.
വയനാട് ജില്ലയിൽ പി എം ജി എസ് വൈ ഫേസ് ഒന്നിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്ന റോഡുകൾക്ക് പുറമേ വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡുകളുടെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട റോഡ് സൗകര്യം ഉറപ്പുവരുത്തുന്നതിനും കൂടുതൽ റോഡുകൾ ഉൾപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി, പാർലമെൻറ് അംഗം ആയിരിക്കെ കേന്ദ്ര ഗ്രാമ വികസന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വയനാട് ജില്ലയിൽ അധികമായി 2 റോഡുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
വയനാട് പാർലമെൻറ് മണ്ഡലത്തിൽ മാനന്തവാടി ,കൽപ്പറ്റ ,സുൽത്താൻ ബത്തേരി, വണ്ടൂർ , കാളികാവ് , നിലമ്പൂർ , ബ്ലോക്കുകളിലായി 66.3 കിലോ മീറ്റർ റോഡുകളുടെ നവീകരണമാണ് ഇതിലൂടെ നടക്കുന്നത്.
റോഡുകളും അനുവദിച്ച തുകയും
1. തോട്ടേക്കാട് -കൂറ്റമ്പാറ - ചെട്ടി റോഡ് 3.32 കോടി.
2. കൂറ്റമ്പാറ -പുതിയകുളം - ഗാന്ധിപ്പടി റോഡ് 4.94 കോടി.
3. ഒലിപ്പുഴ -അക്കരപ്പറമ്പ -ചെക്കുംപിലാവ് - സിനിമാഹാൾ ജംഗ്ഷൻ റോഡ് 3.81 കോടി.
4. തൊണ്ടി -പാടാളിപറമ്പ -കോട്ടൂള റോഡ് 4.67 കോടി.
5. മരംവെട്ടിച്ചാൽ -തളിപ്പാടം - നെല്ലിക്കുത്ത് റോഡ്. 3.45 കോടി
6. മുട്ടിക്കടവ് - പള്ളികുത്ത് -വടക്കേകൈ റോഡ് 4.37 കോടി.
7. ബേസിൽപള്ളി - ഇടിമുക്ക് -വെള്ളിമറ്റം -കോലോംപാടം -കുറുമ്പിലങ്കോട് റോഡ് 5.60 കോടി.
8. കരുനെച്ചി - ഉപ്പട പോസ്റ്റ് ഓഫീസ് റോഡ് 2.97കോടി.
9. പോത്തുകല്ല് - കോടാലിപൊയിൽ - ചെമ്പൻകൊല്ലി -പള്ളിപടി റോഡ് 2.64 കോടി.
10. മുപ്പിനി - വള്ളാടി -മുണ്ട റോഡ് 6.01 കോടി
11. പിണങ്ങോട് -കമ്മാടംകുന്ന് -അച്ചൂർ റോഡ് 3.40 കോടി
12. കല്ലോടി -എട്ടാംമൈൽ -തോട്ടോളിപടി റോഡ് 7.70 കോടി
13. കല്ലുമുക്ക് -കഴമ്പു -പുത്തൻകുന്ന് റോഡ് 5.62 കോടി
14. അമ്പുകുത്തി -പടിപറമ്പ് -കൃഷ്ണപുരം -കാരാടിപാറ -പാംബ്ല -കല്ലേരി -കോട്ടൂർ റോഡ് ,8.23 കോടി
15. അരിവയൽ --പുല്ലുമല റോഡ് 5.88 കോടി
എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്.
പി.എം .ജി .എസ് .വൈ ഫേസ് 3 യുടെ 2020-21 വർഷത്തെ ബാച്ച് 1 ൽ ഉൾപ്പെടുത്തി 22.64 കോടി രൂപയും 2021-2022 വർഷത്തെ ബാച്ച് 1 ൽ ഉൾപ്പെടുത്തി 29.28 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു . കൂടാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം എടക്കര -മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പിനി പാലം നിർമ്മിക്കുന്നതിനും , വയനാട് ജില്ലയിലെ അച്ചൂർ പാലം നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിക്കുവാൻ വേണ്ടി രാഹുൽ ഗാന്ധി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് പാലങ്ങളുടെയും വിശദമായ പ്രോജക്ട് റിപ്പോർട്ട്
ഗ്രാമ വികസന വകുപ്പ് തയ്യാറാക്കി വരികയാണ്.
വയനാട്ടിലെ ഭൂപ്രകൃതി കണക്കിലെടുത്തു കൊണ്ട് റോഡുകൾ തെരഞ്ഞെടുക്കാനുള്ള കുറഞ്ഞ ദൈർഘ്യം 5 കിലോമീറ്റർ എന്ന മാനദണ്ഡം ലഘൂകരിക്കുന്നതിനും രാഹുൽ ഗാന്ധി പാർലമെന്റംഗം ആയിരിക്കെ ഇടപെടലുകൾ നടത്തിയിരുന്നു. ആയത് അനുവദിച്ച് മന്ത്രി രാഹുൽ ഗാന്ധിക്ക് മറുപടിയും നൽകിയിരുന്നു.