കോഴിക്കോട് : ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും അതുകൊണ്ട് എല്ലാ മത സംഘടനകളും ഒരുമിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവില്‍ ഇറങ്ങി പോരാടേണ്ട വിഷയമല്ലിത്.
നിയമപരമായും രാഷ്ട്രീയമായും നേരിടണം.
സമുദായിക ധ്രൂവീകരണത്തിലേക്ക് കൊണ്ട് പോകരുത്. ഈ വിഷയത്തില്‍ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിക്കും. സമുദായിക മായിട്ടുള്ള ധ്രു വീകരണം നടത്തുന്ന തരത്തില്‍ ഉള്ള സെമിനാറുകളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഏക സിവില്‍ കോഡ് വര്‍ഗീയ ധ്രുവികരണത്തിനുള്ള ട്രാപ്പാണെന്നും ആ കെണിയില്‍ വീഴരുതെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ജനങ്ങളെ ബോധവത്കരിക്കും. മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമാണ് എന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളില്‍ പങ്കെടുക്കരുതെന്നും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
ലീഗ് നേതാക്കള്‍ക്ക് പുറമെ കാന്തപുരം വിഭാഗം സമസ്ത, ഇ കെ സമസ്ത, കെ എൻ എം, വിസ്ഡം, മര്‍ക്കസുദവ, എം ഇ എസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് തുടങ്ങി 11 സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രക്ഷോഭ പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.