കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് മുഹറം ഒന്നും ജൂലായ് 27ന് മുഹറം ഒമ്ബതും 28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.ഹിജ്‌റ കലണ്ടര്‍ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവര്‍ഷം ആരംഭിക്കുന്നത്.
യു.എ.ഇ.യില്‍ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു. ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇ.യില്‍ 21ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോര്‍ദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും മുഹറം ഒന്ന് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധിയാണ്