കൽപറ്റ:പട്ടയം ലഭിച്ച ശേഷം ഭൂമിയിൽ സ്വയം കിളിർത്തു വന്ന വീട്ടി മരങ്ങളാണ് മുറിച്ചതെന്ന വാദം തെറ്റാണെന്ന് ഡി എൻ എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദിവാസികൾ അടക്കമുള്ള കർഷകരെ വഞ്ചിച്ചും വ്യാജരേഖകളുണ്ടാക്കിയുമാണ് പാസിനുള്ള അപേക്ഷ സമർപ്പിച്ചതെന്നുള്ള ഫോറൻസിക്ക് തെളിവുകൾ ലെഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. പ്രതികൾക്കെതിരായ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുകയോ ശക്തമായ വകുപ്പുകൾ ചുമത്തുകയോ ചെയ്യാതെ സർക്കാർ ഒത്തുകളിക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ആരോപണം. ശക്തമായ നടപടികളുണ്ടാകുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനും മാത്രം ഉദ്ദേശിച്ചാണെന്ന് മുട്ടിൽ മരം മുറിയുടെ പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ പകൽ പോലെ വ്യക്തമാകുമെന്നും മുട്ടിൽ മരം മുറിക്കൊപ്പം കേരളത്തിലുടനീളം അനേക കോടിയുടെ വീട്ടി, തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രണ്ടു വർഷം കഴിഞ്ഞിട്ടും കേസന്വേഷണം പൂർത്തിയാക്കിയിട്ടില്ല. മുട്ടിൽ വില്ലേജിലെ മരങ്ങളുടെ ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ട് മാത്രമാണ് പുറത്തു വന്നത്. മറ്റു പ്രദേശത്ത് മരങ്ങൾ കസ്റ്റഡിയിൽ എടുക്കുക പോലും ചെയ്തിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാകട്ടെ മരം മുറിക്ക് കാരണമായ 2020 ഒക്ടോബർ മാസത്തിലെ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച , നിയമ വിരുദ്ധവും എങ്ങിനെയും വ്യാഖ്യാനിക്കാൻ പറ്റുന്നവിധം അതിവിചിത്രവുമായ സർക്കാർ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വഷിച്ചിട്ടു പോലുമില്ല. എന്നിരിക്കേ കേരളചരിത്രത്തിലെ ഏറ്റവും വലിയ മരകൊള്ളയുടെ പിന്നിലെ ഭരണനേതൃത്വത്തിന്റെ ഗൂഢാലോചന വെളിപ്പെടുകയോ മരം മുറിച്ച പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
കേസന്വേഷണം ഊർജ്ജിതപ്പെടുത്തി ശാസ്ത്രീയവും കുറ്റമറ്റതും വസ്തുനിഷ്ടവുമായ ചാർജ്ജ്ഷീറ്റ് ഉടനടി സമർപ്പിക്കണമെന്നും മരം മുറിക്ക് പശ്ചാത്തലമൊരുക്കിയ റവന്യൂ സെക്രട്ടറിയുടെ വിചിത്രമായ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം നടത്തി അവരെ കൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പ്രകൃതി സംരക്ഷണ സമിതി യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷനായിരുന്നു.. തോമസ് അമ്പലവയൽ , ബാബു മൈലമ്പാടി, എ.വി. മനോജ്, പി.എം സുരേഷ് , തച്ചമ്പത്ത് രാമകൃഷ്ണൻ , സണ്ണി മരക്കടവ്, സി.എസ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.