മെല്‍ബണ്‍ : വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്ബ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ മെല്‍ബണില്‍ തുടക്കം. അമേരിക്കയാണ് വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കള്‍ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ആതിഥേയര്‍. ആദ്യകളിയില്‍ നാളെ ഇന്ത്യൻ സമയം പകല്‍ 12.30ന് ന്യൂസിലൻഡും നോര്‍വെയും തമ്മില്‍ ഏറ്റുമുട്ടും. പകല്‍ 3.30ന് ഓസ്‌ട്രേലിയ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിനെയും നേരിടും. നാലുതവണ ജേതാക്കളായ അമേരിക്കയാണ് സാധ്യതയില്‍ മുന്നില്‍.
സൂപ്പര്‍താരങ്ങളുടെ മുഖാമുഖംകൂടിയാണ് ഈ ലോകകപ്പ്. അമേരിക്കയുടെ മേഗൻ റാപിനോ, അലെക്‌സ് മോര്‍ഗൻ, ബ്രസീല്‍ ഇതിഹാസം മാര്‍ത്ത, സ്‌പാനിഷ് സൂപ്പര്‍താരം അലെക്‌സിയ പുറ്റെല്ലസ്, ഓസ്‌ട്രേലിയയുടെ സാം കെര്‍, ഡെൻമാര്‍ക്കിന്റെ പെര്‍ണില്ലെ ഹാര്‍ഡെര്‍, നൈജീരിയൻതാരം അസിസാത് ഒഷോയല, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ്, കെയ്‌റ വാല്‍ഷ്, നോര്‍വെയുടെ ആദ ഹെഗെര്‍ബെര്‍ഗ് തുടങ്ങിയവരെല്ലാം ഈ ലോകകപ്പിനെത്തുന്ന സൂപ്പര്‍താരങ്ങളാണ്. ഇതില്‍ റാപിനോയ്‌ക്കും മാര്‍ത്തയ്‌ക്കും ഇത് അവസാന ലോകകപ്പാണ്.
മേഗൻ റാപിനോ (അമേരിക്ക)
മൂന്ന് കിരീടവുമായി കളി അവസാനിപ്പിക്കാനാണ് റാപിനോയുടെ ലക്ഷ്യം. അമേരിക്കയ്‌ക്കൊപ്പം 2015ലും 2019ലും കിരീടം ചൂടിയിട്ടുണ്ട് മുപ്പത്തെട്ടുകാരി. കളത്തിന് പുറത്ത് നിലപാടുകള്‍കൊണ്ട് ശ്രദ്ധേയായ റാപിനോയുടെ അവസാന ലോകകപ്പാണിത്. 17 വര്‍ഷം നീണ്ട കളിജീവിതം ഈ സീസണോടെ അവസാനിപ്പിക്കുകയാണ്. അമേരിക്കയ്‌ക്കായി 157 മത്സരങ്ങളില്‍ ഇറങ്ങി. 2019ലെ ഫൈനലില്‍ നെതര്‍ലൻഡ്‌സിനെതിരെ ഗോളടിച്ചു. 22ന് വിയറ്റ്‌നാമുമായാണ് അമേരിക്കയുടെ ആദ്യകളി.
അലെക്‌സ് മോര്‍ഗൻ (അമേരിക്ക)
അമേരിക്കയുടെ മറ്റൊരു വിഖ്യാത താരം. നാലാമത്തെ ലോകകപ്പാണ് മോര്‍ഗന്. 18 കളിയില്‍ ഒമ്ബത് ഗോളടിച്ചു. തുടര്‍ച്ചയായ രണ്ടാംകിരീടനേട്ടത്തിലേക്ക് നയിക്കാനാണ് മുപ്പത്തിനാലുകാരി എത്തുന്നത്. അമേരിക്കയ്‌ക്കായി 207 കളിയില്‍ 101 ഗോളടിച്ചു. അമേരിക്കൻ വനിതാ സോക്കര്‍ ലീഗ് ക്ലബ് സാൻ ദ്യേഗോ വേവ് താരമാണ്.
മാര്‍ത്ത (ബ്രസീല്‍)
ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് മാര്‍ത്ത. കളിച്ച അഞ്ച് ലോകകപ്പിലും ഗോളടിച്ചു. ആറാംലോകകപ്പിനെത്തുന്ന മുപ്പത്തേഴുകാരിക്ക് ഇതുവരെ കിരീടത്തില്‍ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പില്‍ ഇതുവരെ 17 ഗോളടിച്ചു. 24ന് പാനമയുമായാണ് ബ്രസീലിന്റെ ആദ്യകളി.
അലെക്‌സിയ പുറ്റെല്ലാസ് (സ്‌പെയ്‌ൻ)
നിലവില്‍ വനിതാ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം. ബാലൻ ഡി ഓര്‍ ജേതാവ്. സ്‌പെയ്‌നിന്റെ കിരീടപ്രതീക്ഷ മുഴുവൻ ഇരുപത്തൊമ്ബതുകാരിയിലാണ്. പക്ഷേ, പരിക്കുകാരണം കളിക്കുന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. കഴിഞ്ഞദിവസം പരിശീലനത്തിനിടെ തിരിച്ചുകയറുകയായിരുന്നു ബാഴ്‌സലോണയുടെ സൂപ്പര്‍താരം.
സാം കെര്‍ (ഓസ്‌ട്രേലിയ)
ആതിഥേയ ടീമിന്റെ പ്രതീക്ഷയാണ് സാം കെര്‍. പതിനഞ്ചാംവയസ്സിലായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അരങ്ങേറ്റം. 120 മത്സരം കളിച്ചു ഇരുപത്തൊമ്ബതുകാരി. ആകെ 63 ഗോളുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് ഗോളടിച്ചു. ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കായി ഈ സീസണില്‍ 38 കളിയില്‍ 29 ഗോളടിച്ചു.