മീനങ്ങാടി: പതിറ്റാണ്ടുകളായി വണ്ടിച്ചിറ, തുമ്പക്കുനി, പള്ളിക്കമൂല തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുകയാണ്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽപ്പെട്ട മീനങ്ങാടി പഞ്ചായത്തിലെ വണ്ടിച്ചിറ കവല- തുമ്പക്കുനി- പള്ളിക്കമൂല റോഡിലെ പുറക്കാടി പുഴക്ക് കുറുകെ തുമ്പക്കുനിയിൽ പാലം നിർമിക്കുന്നതിനും അപ്രോച്ച് റോഡ് നിർമാണത്തിനുമായി ടെണ്ടർ നടപടികൾ പൂർത്തിയായതായിഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ടെണ്ടർ നടപടി പൂർത്തിയായതോടെ അപ്രോച്ച് റോഡിന്‍റെയും പാലത്തിന്‍റെയും നിർമാണം ആരംഭിക്കാനാകും.
2014ൽ തുമ്പക്കുനിയിൽ കോൺക്രീറ്റ് പാലത്തിനും അപ്രോച്ച് റോഡിനുമായി 50 ലക്ഷം എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നെങ്കിലും തുക അപര്യാപ്തമായിരുന്നു. പുഴക്ക് കുറുകെ പാലം ഇല്ലാത്തതിനാൽ ഇതുവഴി ഗതാഗതം സാധ്യമായിരുന്നില്ല. മഴക്കാലത്ത് ഉൾപ്പെടെ പാലമില്ലാത്തതിനാൽ രണ്ടുഭാഗത്തുനിന്നുള്ളവർക്ക് പോയിവരുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താൽക്കാലിക മരപാലത്തിലൂടെയാണ് ഇതുവഴി ആളുകൾ പോകുന്നത്. പാലം നിർമിക്കുന്നതിന് കൂടുതൽ പ്രത്യേക പദ്ധതിയും ഫണ്ടും ആവശ്യമായതിനാൽ ഇക്കാര്യം വിവിധ തവണയായി കത്തുകളിലൂടെ സർക്കാരിനെ അറിയിച്ചിരുന്നു.
2019-20 വർഷം പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയത് പ്രകാരം 2019 ആഗസ്റ്റ് 30ന് പ്രാരംഭമായുള്ള പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 4.50 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതുപ്രകാരം വിശദമായ പരിശോധനയും പാലത്തിന്‍റെ രൂപകൽപനയും പൂർത്തിയാക്കി. 2021 ഡിസംബർ ഒന്നിന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം പാലത്തിനും അപ്രോച്ച് റോഡിനുമായി സർക്കാർ അനുവദിച്ച 12 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2022 ജൂലൈ 22ന് സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഇത് പൂർത്തിയായതോടെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും. 21.55 മീറ്ററിന്റെ രണ്ട് സ്പാനുകളും 22.00 മീറ്ററിന്റെ ഒരു സ്പാനും ഉൾപ്പെടെ പാലത്തിന്റെ ആകെ നീളം 65.10 മീറ്ററാണ്. ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപാതയോടുകൂടി പാലത്തിന്റെ ആകെ വീതി 11.00 മീറ്ററാണ്. പൈൽ ഫൗണ്ടേഷൻ ആയാണ് പാലത്തിന്റെ അടിത്തറ രൂപകൽപന ചെയ്തിരിക്കുന്നത്.
പുതിയ പാലത്തിന്‍റെ രൂപരേഖ
വണ്ടിചിറ കവല ഭാഗത്ത് 900 മീറ്ററുംപള്ളിക്കമൂല ഭാഗത്ത് 1144 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, ഏഴു കലുങ്കുകൾ 1655 മീറ്റർ ഡ്രൈനേജ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5.50 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി ആയാണ് ഉപരിതല ടാറിങ് പ്രവൃത്തി ചെയ്യുന്നത്. കെ. എം. അബ്ദുള്ള കുഞ്ഞിയാണ് കരാറുകാരൻ. 18 മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധിയെന്നും പ്രവൃത്തി വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. തുമ്പക്കുനിക്കാരുടെ പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലത്തിന്‍റെ നിർമാണവും നിലവിലുള്ള റോഡിന്‍റെ നവീകരണവും അപ്രോച്ച് റോഡും ഉൾപ്പെടെ പൂർത്തിയാകുന്നതോടെ മീനങ്ങാടിയിൽനിന്ന ചെണ്ടക്കുനി -വണ്ടിച്ചിറ കവല വഴി തുമ്പക്കുനിയിലേക്ക് വാഹനയാത്ര സുഗമമാകും. ഇതിലൂടെ അപ്പാട് ഉൾപ്പെടെയുള്ള സ്ഥലത്തേക്കും എളുപ്പത്തിലെത്താനാകും. പാലം വരുന്നതോടെ തുമ്പക്കുനിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിനുള്ള സാധ്യതയും ഏറും.