ബത്തേരി: സുൽത്താൻ ബത്തേരിക്കാരോടുള്ള തികഞ്ഞ വെല്ലുവിളിയാണ് പി.എം2 എന്ന ആനയെ തുറന്നു വിടാനുള്ള തീരുമാനമെന്ന് കിഫ ജില്ലാ കമ്മിറ്റി. പ്രതിഷേധ സൂചകമായി കിഫ ബത്തേരിയിൽ മാർച്ച് നടത്തി. ബത്തേരി കോട്ടകുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് അസംപ്ഷൻ ജംഗ്ഷനിൽ അവസാനിച്ചു. കാട്ടാനയെ തുറന്നു വിട്ടാൽ അതിന്റ അനന്തരഫലം രൂഷമാകുമെന്നും, ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കിഫ ജില്ലാ കമ്മിറ്റി അറിയിച്ചു.
കിഫാ ജില്ലാ പി ആർ ഒ വിനോദ്, സുൽത്താൻ ബത്തേരി മണ്ഡലം കൺവീനർ സെബാസ്റ്റ്യൻ ചക്കാലക്കൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം കൊടുത്തു.
പി.എം 2 വിനെ തുറന്നു വിടുന്ന കാര്യം തീരുമാനിക്കാൻ ഉണ്ടാക്കിയ അഞ്ച് അംഗ കമ്മറ്റിയിൽ,ജന പ്രതിനിധികളെയും, ജന ജാഗ്രത സമിതി അംഗങ്ങളെയും, കർഷക സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്താതെ വനം വകുപ്പും,അവരെ പിന്തുണക്കുന്ന പ്രകൃതി സംഘടനകളെയും മാത്രം ഉൾപ്പെടുത്തി വനം വകുപ്പിന്റെ ഏകപക്ഷീയ തീരുമാനം മാത്രം നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കിഫ ആരോപിച്ചു.
വന്യ ജീവി സംഘർഷം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജന ജാഗ്രത സമിതി വേണമെന്നുള്ള സർക്കാർ തീരുമാനത്തെ പോലും പാലിക്കാതെ ഉണ്ടാക്കിയ ഈ കമ്മറ്റി, തികഞ്ഞ കർഷക വിരുദ്ധവും ജന വിരുദ്ധവുമാണെന്ന് കിഫ കുറ്റപ്പെടുത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു മത്തായി, കരുണാകരൻ, ബിനു പാമ്പ്ര, ഗിഫ്റ്റൻ പ്രിൻസ് ജോർജ്, ഗോപി വള്ളുവാടി തുടങ്ങിയവർ സംസാരിച്ചു.