വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുളള സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിന്റെ രണ്ടാം ഘട്ടം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുമായി വനം വകുപ്പ് മുന്നോട്ടുപോകുകയാണ്. പൊതു സമൂഹവും ആവശ്യമായ പിന്തുണ നല്‍കണം. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വനാന്തരങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും പരിശോധിച്ച് വരികയാണ്. വന ശോഷണം തടയുന്നതിനും വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ക്കും വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വനാശ്രിതരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ യുവതീ യുവാക്കളടങ്ങുന്ന 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് ലോക വനദിനത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിച്ചത്. അതില്‍ 170 പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. വനം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് സംസ്ഥാനത്ത് നടത്തുന്ന വനസൗഹൃദ സദസ്സുകള്‍. വന സൗഹൃദ സദസ്സ് പോലെ തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ തീരദേശ സദസ്സും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
*ജില്ലയിലെ പ്രശ്‌നങ്ങളില്‍ പ്രത്യേക പരിഗണന -മന്ത്രി എ.കെ. ശശീന്ദ്രന്‍*
ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് പ്രത്യേക പരിഗണനയെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനസൗഹൃദ സദസില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മഞ്ഞക്കൊന്നയെ ശാസ്ത്രീയമായി നശിപ്പിക്കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊളളുന്നത്. ജനവാസ മേഖലയിലേക്കിറങ്ങുന്ന കടുവകളെ പിടികൂടി മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കും. കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെ ചട്ടകൂടില്‍ നിന്നുകൊണ്ടുളള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വനം വന്യജീവി സംഘര്‍ഷങ്ങളുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് രണ്ടാം ഘട്ട വനസൗഹൃദ സദസ്സില്‍ പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങളും വനം വകുപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും വന മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും വനസൗഹൃദ സദസ് വേദിയായി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേഷ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്. ദീപ, നോര്‍ത്തേണ്‍ റീജിയണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ പി. മുഹമ്മദ് ഷബാബ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം, കോഴിക്കോട് സി.എഫ്.എസ്. നരേന്ദ്ര ബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ലിഷ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.