നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 280 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും

0


തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ പി.ആര്‍.എസ് വായ്പയിനത്തില്‍ കര്‍ഷകര്‍ക്ക് 280 കോടി രൂപ വിതരണം ചെയ്യുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തുക കര്‍ഷകരുടെ അക്കൗണ്ടില്‍ ക്രഡിറ്റാകും. ഏപ്രില്‍ മുതലുള്ള തുകയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മാര്‍ച്ച്‌ വരെയുള്ള എല്ലാ തുകയും നല്‍കിക്കഴിഞ്ഞു. 2022-23 സീസണില്‍ നാളിതുവരെ 2,24,359 കര്‍ഷകരില്‍ നിന്ന് 6.66 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്. ഈയിനത്തില്‍ കര്‍ഷകര്‍ക്ക് 1,878 കോടി രൂപ നല്‍കി.

ഇതില്‍ സപ്ലൈകോ നേരിട്ട് 1,23,397 കര്‍ഷകര്‍ക്ക് 738.95 കോടി രൂപ വിതരണം ചെയ്തു. കേരള ബാങ്ക് വഴി 27,800 കര്‍ഷകര്‍ക്ക് 192 കോടി രൂപയും കാനറ ബാങ്ക് വഴി ഏകദേശം 4000 കര്‍ഷകര്‍ക്ക് 45 കോടി രൂപയുമാണ് ഇതുവരെ വിതരണം ചെയ്തത്.

2022 ഒക്ടോബറില്‍ ആരംഭിച്ച ഓപ്പറേഷൻ യെല്ലൊ പദ്ധതിപ്രകാരം അനര്‍ഹമായി കൈവശം വെച്ച 144704 റേഷൻ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡ് ഉടമകളില്‍ നിന്നും ആകെ 78,601,650 രൂപ പിഴ ഈടാക്കുകയും ചെയ്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്ബറിലും 1967 എന്ന ടോള്‍ഫ്രീ നമ്ബറിലും ആണ് അനര്‍ഹമായി കൈവശംവെച്ച കാര്‍ഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 84,501 പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകളും 2,71,748 എൻ.പി.എൻ.എസ് (വെള്ള) കാര്‍ഡുകളും 6994 എൻ.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,63,243 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,20,951 പിങ്ക് കാര്‍ഡുകളും 24,683 മഞ്ഞ എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,45,634 മുൻഗണനാ കാര്‍ഡുകള്‍ തരം മാറ്റി നല്‍കുകയും ചെയ്തു.

റേഷൻ കാര്‍ഡുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി 52,85,926 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 52,67,127 അപേക്ഷകള്‍ തീര്‍പ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 5147 പേര്‍ക്ക് പുതിയതായി കാര്‍ഡ് നല്‍കുകയും ചെയ്തു.

ഏപ്രില്‍ മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇൻ പരിപാടിയില്‍ 21 പരാതികളാണ് ലഭിച്ചത്. പത്തോളം പരാതികള്‍ മുൻഗണനാ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതുമായും ബാക്കി റേഷൻ വിതരണം, സപ്ലൈകോ സേവനം എന്നിവ സംബന്ധിച്ചിട്ടുള്ളതായിരുന്നു. ഓരോന്നും പരിശോധിച്ച്‌ പരിഹാര നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top