തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.
സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.
കനത്ത ചൂടില്‍ സംസ്ഥാനം വലയുമ്ബോള്‍, മഴക്കണക്കില്‍ വന്നിട്ടുള്ള കുറവ് ആശങ്കയുയര്‍ത്തുന്നതാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്.
സെപ്‌തംബര്‍ മൂന്നാം ആഴ്ച വരെയാണ് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്തംബറില്‍ പ്രതീക്ഷിക്കുന്ന തോതില്‍ മഴ ലഭിച്ചാല്‍ തന്നെ നിലവിലെ കുറവ് പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. സെപ്തംബറില്‍ 94 മുതല്‍ 96 ശതമാനം വരെ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവൻ മൃത്യുഞ്‌ജയ് മൊഹാപാത്ര പറയുന്നു. 2005ലാണ് ഇതിനു മുമ്ബ് വളരെ കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴയില്‍ കുറവുണ്ടായത്. 1965ല്‍ 24.6, 1920ല്‍ 24.4, 2009ല്‍ 24.1, 1913ല്‍ 24 ശതമാനം എന്നിങ്ങനെയാണ് അതിനും മുമ്ബ് ഓഗസ്റ്റിലുണ്ടായ മഴക്കുറവ്.
വിവിധ ജില്ലകളില്‍ ഓഗസ്റ്റില്‍ ലഭിച്ച മഴയുടെ കണക്ക്
പത്തനംതിട്ട 6%
പാലക്കാട് 7%
മലപ്പുറം 10%
തൃശൂര്‍ 10%
കോട്ടയം 11%
എറണാകുളം 11%
തിരുവനന്തപുരം 11%
കൊല്ലം 12%
ഇടുക്കി 13%
കോഴിക്കോട് 13%
വയനാട് 14%
കാസര്‍കോട് 20%
കണ്ണൂര്‍ 24%
ആലപ്പുഴ 32%