ഫലാ ഗ്രീന്‍ വാലി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളാണ് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്
കല്‍പ്പറ്റ: സിനിമയിലും കാര്‍ട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള പോലീസ് സ്‌റ്റേഷന്‍ നേരിട്ടു കാണാന്‍ കുരുന്നുകളെത്തി. കാക്കിക്കൂട്ടത്തെ കണ്ട് ആദ്യമൊന്ന് അമ്പരന്ന കുട്ടികളെ കുശലമന്വേഷിച്ചും മിഠായികള്‍ നല്‍കിയും പോലീസുകാര്‍ കൈയിലെടുത്തു. ഇതോടെ, കളിചിരികളുമായി കുട്ടികള്‍ കാക്കിയോട് കൂട്ടുകൂടി. പേടിയേയും പരിഭ്രമത്തെയും പുറത്തുവെച്ച് കുരുന്നുകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറി. ഫലാ ഗ്രീന്‍ വാലി സ്‌കൂളിലെ 70-ഓളം പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകര്‍ക്കൊപ്പം കല്‍പ്പറ്റ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്.
കല്‍പ്പറ്റ ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ടി.എ അഗസ്റ്റിനും സംഘവും പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ലളിതമായി കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ലോക്കപ്പും തോക്കും ലത്തിയുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കുട്ടികള്‍ പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എ. അബ്ദുള്‍ കലാം, അനീഷ്,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടമാരായ റഫീക്ക്, ഹംസ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരിജ, ടി.കെ. നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ സുധി, ലിന്‍രാജ്, , സുനിത എന്നിവരും കുട്ടികൾക്ക് വിവരങ്ങൾ പകരാൻ ഉണ്ടായിരുന്നു.