മാനന്തവാടി: കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അയൽ ജില്ലയെന്ന നിലയിൽ വയനാട്ടിലും പകർച്ച വ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള മുൻകരുതലുകൾ എടുത്തിട്ടുമുണ്ട്. നിലവിൽ ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള ആരും ഇല്ല. എന്നാൽ കരുതലെന്ന നിലയിൽ പൊതു പരിപാടികളിലും ചടങ്ങുകളിലും മാസ്ക് ധരിക്കാനും ആൾക്കൂട്ടമുണ്ടാകുന്ന സന്ദർഭങ്ങളും ആശുപത്രികളിൽ രോഗി സന്ദർശനങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിന് പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാജവാർത്തകൾക്കും ഊഹാപോഹങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്നും വിവരങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങളെ മാത്രം ആശ്ര യിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.ദിനീഷ്.പി അറിയിച്ചു. നിപ സംബന്ധിച്ച വിവരങ്ങൾക്കും സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഫോൺ നമ്പർ :04935240390