കൽപ്പറ്റ: എസ്. കെ. എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്സ് അധ്യാപകനായ അജിത് പി.പി 2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി.
അധ്യാപന രംഗത്തെ മികവ്, നൂതനമായ ക്ലാസ്റൂം പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹ്യബോധവും മാനുഷിക മൂല്യങ്ങളും വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ, പഠനാനുബന്ധപ്രവർത്തനങ്ങളിലെ സംഘാടന മികവ്, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, അധ്യാപക പരിശീലന പ്രവർത്തനങ്ങൾ, പാഠപുസ്തക രചന, പഠന സാമഗ്രികളുടെ നിർമ്മാണം, പാഠപുസ്തക പരിഭാഷ, എസ്. സി. ഇ. ആർ. ടി വർക്ക് ഷോപ്പുകളിലെ സജീവ പങ്കാളിത്തം, സമഗ്ര പോർട്ടൽ വിദഗ്ധൻ, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസുകൾ, ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ എച്ച്. എസ്സ്. എസ്സ്. വോയിസ് എന്ന പേരിലുള്ള വിദ്യാഭ്യാസ ബ്ലോഗർ, ഐ. സി. ടി പരിശീലകൻ, വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ കണ്ടന്റ് തയ്യാറാക്കുന്നതിലെ വൈദഗ്ധ്യം, പരീക്ഷാ സംബന്ധമായ ടെലിവിഷൻ പരിപാടികൾ, വിദ്യാർത്ഥി പരിശീലനങ്ങൾ, ഡി. ആർ. ജി, എസ്. ആർ. ജി, കോർ എസ്. ആർ. ജി അംഗം, രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടികൾ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ, ടൂറിസം ക്ലബ്ബ് കോർഡിനേറ്റർ, കൊമേഴ്സ് ക്ലബ്ബ് കോർഡിനേറ്റർ, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യ വികസന പ്രവർത്തനങ്ങൾ, തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത്ത് അവാർഡിന് അർഹനായത്.
മുൻപ് കേരള സംസ്ഥാന കൊമേഴ്സ് ഫോറം നൽകുന്ന സംസ്ഥാന തലത്തിലെ മികച്ച കൊമേഴ്സ് അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രത്യേക പുരസ്കാരം നൽകിയും ആദരിച്ചിട്ടുണ്ട്, ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ എന്ന രാജ്യാന്തര സംഘടനയുടെ അനവധി പുരസ്കാരങ്ങൾ, കൂടാതെ മുൻ എം. എൽ. എ. സി. കെ. ശശീന്ദ്രൻ, കോട്ടയം ജില്ലാ കോമേഴ്സ് ഫോറം, മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ, ജെ. സി. ഐ, റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, വയനാട് ജില്ലാ കോമേഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ, വിവിധ മത, സാംസ്കാരിക സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെല്ലാം അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ അരികെ എന്ന പഠന സഹായി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ മാതൃ വിദ്യാലയങ്ങളിൽ ലൈബ്രറി വികസനത്തിനും, കുടിവെള്ളം ഒരുക്കുന്നതിനും, സ്മാർട്ട് ക്ലാസ് മുറി, സൗണ്ട് സിസ്റ്റം തുടങ്ങി സൗകര്യങ്ങൾ ഒരുക്കുന്നതിനും ,എല്ലാ വർഷവും നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം തുടങ്ങിയവ നൽകുന്നതിലും നേതൃത്വം വഹിച്ചിരുന്നു..
മീനങ്ങാടി അപ്പാട് കാന്തി വീട്ടിൽ പുരുഷോത്തമൻ്റേയും ചന്ദ്രകാന്തിയുടെയും മകനാണ് അജിത്ത് കാന്തി, ഭാര്യ സിന്ധു. കെ, മക്കൾ അഭിജിത്ത് കാന്തി, ദേവ കിരൺ കാന്തി.